
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍. മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകളുണ്ട്.
ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.
കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.


