ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവാനുകളും പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.റിമാൻഡിലായ രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം. എന്നാൽ, ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നാണ് രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്‌ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.
രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇടുക്കി എസ്‌പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.




