
രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘നഷാമുക്ത യുവ അഭിയാന്‍’ പദ്ധതി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 100 ആഴ്ചത്തേക്ക് ബോധവല്‍ക്കരണ പ്രചാരണം തുടരുമെന്നും, വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ ലഹരിമുക്ത ഭാരതത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ ‘അമൃത തലമുറ’യായ യുവാക്കള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. രാജ്യത്തിന് യുവജനങ്ങളുടെ ഊര്‍ജ്ജവും സര്‍ഗ്ഗാത്മകതയും പ്രതിഭയും അത്യാവശ്യമാണ്. അതിനാല്‍ ലഹരിയില്‍ നിന്ന് അകന്നുനില്‍ക്കേണ്ടത് രാജ്യത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഒരുപോലെ പ്രധാനമാണ്.
കുടുംബത്തിലെ ഏതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടിട്ടുണ്ടെങ്കില്‍ സാമൂഹിക അപമാനം ഭയന്ന് അത് ഒളിച്ചുവെക്കരുത്. മറിച്ച് അവര്‍ക്ക് ആവശ്യമായ വൈദ്യസഹായവും പിന്തുണയും നല്‍കി ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണം. ഇന്ത്യയെ തകര്‍ക്കാനും യുവാക്കളെ ലഹരിയുടെ വലയില്‍ വീഴ്ത്താനും ശത്രുരാജ്യങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഇത്തരം ഭീകര അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.
രക്ഷിതാക്കളും മക്കളും തമ്മില്‍ തുറന്ന ആശയവിനിമയം ഉണ്ടാകണം. കോളജ്, സര്‍വ്വകലാശാല അധ്യാപകര്‍ പാഠ്യപദ്ധതിക്കൊപ്പം ലഹരിയുടെ അപകടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളോട് സംസാരിക്കുകയും ക്യാംപസുകളില്‍ ലഹരിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.




