പിണറായി വിജയന്റെ വിദേശയാത്രകൾ: 10 വർഷത്തിൽ 30 യാത്രകൾ; ചിലവിൽ വിവരാവകാശ വെളിപ്പെടുത്തൽ

തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആകെ 30 വിദേശയാത്രകൾ നടത്തിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 17 രാജ്യങ്ങളിലേക്കാണ് ഈ യാത്രകൾ നടന്നതെന്ന് പൊതുഭരണവകുപ്പ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.
എന്നാൽ, ഇതിൽ 8 യാത്രകളുടെ ചെലവു വിവരങ്ങൾ മാത്രമാണ് വകുപ്പു പുറത്തുവിട്ടത്. ഈ യാത്രകൾക്കായി ആകെ 74,59,364 രൂപ ചെലവായതായാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. അതേസമയം, താമസച്ചെലവായി യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും രേഖയിൽ പറയുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, നാലു യാത്രകൾ ചികിത്സാസംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്കായിരുന്നു. കൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും നടന്നതായി രേഖകളിൽ പറയുന്നു. ഇതിൽ 2018 ജൂലായിൽ അമേരിക്കയിലേക്ക് നടത്തിയ ഒരു യാത്ര സർക്കാർ രേഖകളിൽ “സ്വകാര്യ യാത്ര” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ യാത്രയ്ക്കായി 3,82,807 രൂപ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ വിദേശയാത്രകളും ചെലവുകളും സംബന്ധിച്ച ഈ വെളിപ്പെടുത്തൽ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.




