KeralaNews

‘മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരിമരുന്ന് കടത്തുന്നു, ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറി’; വിമര്‍ശനവുമായി പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകള്‍ ലഹരി കടത്തുമ്പോള്‍ പൊലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂരിലെ വിശദീരണയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

‘ഒരൂ കൂട്ടര്‍ മയക്കുമരുന്നുമായി ഒരു വാഹനത്തില്‍ പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിര്‍ത്തിച്ച് പരിശോധിച്ചു. അപ്പോള്‍ വണ്ടിയുള്ളയാള്‍ താന്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഇയാള്‍ തെളിയിച്ചതോടെ പൊലീസ് വണങ്ങി നില്‍ക്കുന്നു. വണ്ടി മുന്നോട്ട് പോകുന്നു. ഇതേ രംഗം കോഴിക്കോടും ആവര്‍ത്തിക്കുന്നു. കണ്ണൂരും ഇത് തന്നെ നടക്കുന്നു. കാസര്‍ഗോഡ് വച്ച് പക്ഷേ പൊലീസ് ഇത് പിടികൂടുന്നു. ഈ ആളെ പിടിച്ചതോടെ മട്ടേ മാറുകയാണ്. അയാളെ സംരക്ഷിക്കാന്‍ ഉന്നതര്‍ ഇടപെടുന്നു. മയക്കുമരുന്ന് വ്യാപാരികളോട് പോലും ഈ സമീപനമാണ് സര്‍ക്കാര്‍ കാണിക്കുന്നത്’. പിണറായി വിജയന്‍ പറഞ്ഞു.

പയ്യന്നൂരിലെ വിശദീകരണ യോഗത്തില്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. പാര്‍ട്ടിയെ തകര്‍ക്കുക എന്ന വികാരത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശനം. പാര്‍ട്ടി പരസ്യമായി നിലപാട് പറയുമ്പോള് അതില്‍ കാപട്യമുണ്ടായിരിക്കില്ല. പാര്‍ട്ടി ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കാറില്ല. പാര്‍ട്ടി പറയുന്നത് വസ്തുതയല്ലെന്ന് പ്രചരിപ്പിക്കാനാണ് വി കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചത്. പാര്‍ട്ടി നന്നാകണമെന്ന വികാരത്തോടെയല്ല അത് പറഞ്ഞതെന്നും കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button