
നെല്ല് സംഭരണത്തിലെ പ്രതിസന്ധി താൽക്കാലികമായി പരിഹാരമായി. അടുത്ത സീസണിലേക്കുള്ള നെല്ല് സംഭരണം ഉടൻ തുടങ്ങും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമവായം. യോഗത്തിൽ കുടിശ്ശിക നൽകാമെന്ന് മില്ല് ഉടമകൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. 2022- 23 കാലയളവിൽ കൊടുക്കാനുള്ള കുടിശ്ശികത്തുക കൊടുക്കുമെന്നാണ് ഉറപ്പ് നൽകിയത്.
നെല്ല് അരിയാക്കുമ്പോൾ ഉള്ള കിഴിവ് സംബന്ധിച്ച കാര്യത്തിലും മുഖ്യമന്ത്രി മിൽ ഉടമകൾക്ക് ഇളവ് നൽകി.100 ക്വിൻ്റൽ നെൽ സംഭരിക്കുമ്പോൾ 66.5 ക്വിൻ്റൽ അരിയാക്കി നൽകിയാൽ മതിയെന്നാണ് അറിയിച്ചത്. ഇന്നലെ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി യോഗം ചേരാൻ വിസമ്മതിച്ചിരുന്നു.
ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 68 കിലോഗ്രാം അരി നൽകണമെന്നാണ് കേന്ദ്ര അനുപാതം. ഇത് 64 കിലോഗ്രാമായി കുറയ്ക്കണം എന്നായിരുന്നു മില്ലുടമകളുടെ ആവശ്യം. നേരത്തെ മന്ത്രി തലത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മന്ത്രിമാർക്ക് പുറമേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.




