News

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

കൊല്ലം: അവയവദാനത്തിലൂടെ ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ യാത്രയായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുൽ രാജീവ് (30) ആണ് മരണത്തിലും മാതൃകയായത്. ഹിമാചൽപ്രദേശിൽ ഏറെ കാലമായി സൈനിക ഉദ്യോഗസ്ഥനായിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാഹുലിനെ തിരുവനന്തപുരം എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. നേരത്തെ മരണാനന്തര അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. വേർപാടിന്റെ വേദനയിലും രാഹുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിങ്ങനെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്.

കിഡ്നികൾ പുഷ്പഗിരി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകും. കരൾ കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും ഹൃദയവാൽവുകൾ ശ്രീചിത്ര ആശുപത്രിയിലേക്കും നൽകും. ത്വക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകും. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button