‘ജയിലിൽ നിന്ന് ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല’; ഹൃദയാഘാതത്തിനും സ്ട്രോക്കിനും സാധ്യതയെന്ന് ഇമ്രാൻ ഖാൻ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ് : ജയിലിൽ നിന്ന് ജീവനോടെ തിരച്ചെത്താൻ കഴിയുമോയെന്ന് ആശങ്കയുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ജയിലിനകത്ത് തന്റെ ആരോഗ്യ സ്ഥിതി മോശമാവുകയാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇമ്രാൻ ഉന്നത ജഡ്ജിമാർക്ക് അയച്ച തുറന്ന കത്തിൽ വ്യക്തമാക്കി. ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
പാകിസ്ഥാനിലെ ഫെഡറൽ ഭരണഘടനാ കോടതി, സുപ്രീംകോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്കാണ് ഇമ്രാൻ ഖാൻ കത്തയച്ചത്. മുൻപ് കോടതി പുറപ്പെടുവിച്ച് ചികിത്സാ ഉത്തരവുകൾ നടപ്പാക്കണമെന്നും തനിക്കും ഭാര്യക്കും അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്‌ദറാണ് കത്ത് എക്സിലൂടെ പുറത്തുവിട്ടത്.
ഭാര്യ ബുഷ്റ ബീവിയുടെ ആരോഗ്യനിലയും മോശമാകുകയാണെന്ന് കത്തിൽ പറയുന്നു. വലതു കണ്ണിന്റെ കാഴ്ച 85 ശതമാനവും നഷ്ടപ്പെട്ടു. നേരത്തെ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ബുഷ്റ ബീവിയുടെ കാഴ്ചയും മോശമായതായി ഇമ്രാൻ പറഞ്ഞു. നവംബർ 2നും 11നും അഡിയാല ജയിലിൽ ഇമ്രാൻ ഖാനെ സന്ദർശിച്ച സഫ്‌ദറിനോടാണ് കത്ത് ജഡ്‌ജിമാർക്ക് കൈമാറാൻ അദ്ദേഹം നിർദ്ദേശിച്ചത്.
നവംബർ 10ന് തന്റെ രക്ത സമ്മർദ്ദം ഉയർന്ന നിലയിലെത്തിയെന്നും ഇത് മസ്തിഷ്ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയെന്നും ഇമ്രാൻ കത്തിൽ ചൂണ്ടിക്കാട്ടി. അഡിയാല ജയിലിൽ ന്ന്ന് ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് അടുത്തിടെ ഇമ്രാൻഖാനെ നേത്ര ചികിത്സയ്ക്കായി മാറ്റിയിരുന്നു. പുലർച്ചെ 2.30ഓടെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് വീണ്ടും ജയിലിലേക്ക് മാറ്റി.




