‘ഇഡി വേട്ടയാടൽ നീചം; ലക്ഷ്യം സിപിഎമ്മിനെ തകർക്കൽ; ഈ നീക്കം ഞങ്ങൾക്ക് പുല്ലാണ്’; കോൺഗ്രസ്-ബിജെപി ഗൂഢാലോചനയെന്ന് എൻ.എൻ. കൃഷ്ണദാസ്; കണ്ണൂരിൽ വൻ പ്രതിഷേധം!

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ ഇ ഡി റെയ്ഡ് നീചമെന്നും പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. കോൺഗ്രസും ബിജെപിയും തമ്മിലാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്. സിപിഎമ്മിനെ തകർക്കുകയാണ് ലക്ഷ്യം. എന്നാൽ അത് നടക്കാൻ പോകുന്നില്ല. ജനലക്ഷങ്ങൾ അണിനിരന്ന് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയൻ സിപിഎം നേതാവായതുകൊണ്ടാണ് ഈ വേട്ടയാടൽ. പിണറായിയെയും സിപിഎമ്മിനെയും തകർക്കാനാണ് നീക്കമെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി നേരിടും. സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കം. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ പലപ്പോഴും എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചിരുന്നു എന്നും കൃഷ്ണദാസ് ഓർമ്മിപ്പിച്ചു.
അതേസമയം, കണ്ണൂരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്ത് എത്തി. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചു മാറ്റി.




