
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത യുവജന കമ്മീഷന്‍, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. ചക്കരക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, SC-ST പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്തിരുന്നു.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ഗവര്‍ണറെ കാണും. കെഎസ്‌യു – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കോളജ് ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തും. കണ്ണൂര്‍ എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്. നിതിന്‍ രാജിനെ ലോണ്‍ ആപ്പ് സംഘം ഭീഷണിപ്പെടുത്തിയെന്നും കണ്ടെത്തലുണ്ട്.
അതേസമയം, ഇന്നലെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി നിതിന്‍ രാജിന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്ന് ഗവര്‍ണറെ കാണുമെന്ന് അറിയിച്ചത്. നിതിന്റെ വീട്ടിലെത്തിയ വി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഇന്നലെ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. നിതിന്റെ മരണത്തിന് പിന്നാലെ കോളജ് അധികൃതര്‍ നിതിന്റെ വീട്ടിലെത്താത്തത് സംശയമുണ്ടാക്കുന്നതാണെന്ന് പറഞ്ഞ് ശിവന്‍കുട്ടി കുടുംബത്തിന് മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കാന്‍ അവസരം ഒരുക്കും എന്നും അറിയിച്ചു.




