KeralaNews

നെടുങ്കണ്ടം ഇരട്ട കൊലപാതകം; മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാകും

ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്നു കണ്ടെത്തിയ മൃത​ദേഹങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാകും. ഡിഎൻഎ പരിശോധനയും നടത്തും. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ ​മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനവും പൊലീസ് വീണ്ടും അന്വേഷിക്കും.

പ്രതിയെന്നു സംശയിക്കുന്ന മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പൊലീസിന്റെ നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. മേരിക്കുട്ടിയേയും റെജിയേയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് പിന്നാലെയാണ് എട്ടു വര്‍ഷമായി കാണാതായ ഇവരുടെ പിതാവിനെ സംബന്ധിച്ച് നാട്ടുകാര്‍ സംശയം ഉന്നയിച്ചത്. മിസ്സിങ് കേസ് എട്ടുവര്‍ഷമായി പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ സ്ഥലത്ത് എവിടെയെങ്കിലും അദ്ദേഹത്തേയും അപായപ്പെടുത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

വീട്ടില്‍ മേരിക്കുട്ടിയും രണ്ട് ആണ്‍ മക്കളുമാണ് താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകന്‍ റെജിയേയും ഒരുമാസമായി കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഇളയ മകന്‍ സജി വീടിന്റെ മേല്‍ ഭാഗം വഴി ഓടി രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് റെജിയുടെ സഹോദരിയ്ക്ക് ലഭിച്ച രഹസ്യ വാട്‌സ്ആപ്പ് സന്ദേശമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറത്തെത്തിച്ചത്. ശബ്ദസന്ദേശം ലഭിച്ചതോടെ അമ്മയേയും റെജിയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സംശയകരമായ വിധത്തില്‍ വീട്ടുമുറ്റത്ത് ഒരു കുഴി കണ്ടെത്തിയത്. തുടര്‍ന്ന് കുഴി പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലാണ്. പൊലീസ് വീട്ടിലെത്തിയപ്പോള്‍, അതുവരെ വീട്ടില്‍ ഉണ്ടായിരുന്ന സജി ഓടി രക്ഷപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. മൃതദേഹത്തിന് പതിനേഴ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വിവരം. എപ്പോഴാണ് കൊല നടത്തിയതെന്ന കാര്യം വ്യക്തമല്ല. ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button