News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് നിർണായക ദിനം! റിമാൻഡ് കാലാവധി നാളെ അവസാനിക്കും, ജാമ്യാപേക്ഷ സെഷൻസ് കോടതിയിൽ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, പ്രതിയുടെ ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ ജാമ്യാപേക്ഷയിലെ കോടതി നിലപാട് വ്യക്തമായ ശേഷമായിരിക്കും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കുക.

അതേസമയം, സുഹൈൽ വാഹനം ഓടിച്ചിരുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ, സുഹൈൽ അടക്കമുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ഒപ്പമുണ്ടായിരുന്നവർ യാത്ര തടയാൻ ശ്രമിച്ചില്ലെന്നതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

അപകടസമയത്തെ വിവരങ്ങൾ ശേഖരിച്ച ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനിരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചു. കേസിലെ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും ഏറെ നിർണായകമാണ്.

അപകടം നടന്ന വിമാനത്താവള റോഡിന്റെ നിർമ്മാണത്തിലോ ഡിസൈനിലോ അപാകതകളുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സിയാൽ, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. റോഡിലെ അമിതവേഗത തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വ്യക്തമായി വാഹന നമ്പർ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button