News

സ്കൂൾ തുറന്നു; ടിപ്പറുകൾക്ക് കടുപ്പിച്ച് എംവിഡി; വിവിധ ജില്ലകളിലെ സമയനിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ടിപ്പർ ലോറികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായാണ് ടിപ്പർ ലോറികളടക്കമുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് സർവീസിന് സമയക്രമം ഏർപ്പെടുത്തിയത്. മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകാലങ്ങളിൽ സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഉണ്ടാക്കിയ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക, സ്കൂൾ ബസുകൾക്കും രക്ഷിതാക്കളുടെ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ വഴിയൊരുക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയന്ത്രണങ്ങൾ ലംഘിച്ച് നിശ്ചിത സമയങ്ങളിൽ സർവീസ് നടത്തുന്ന ടിപ്പർ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നിയമനടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും എംവിഡിയുടെ സ്പെഷ്യൽ സ്ക്വാഡുകൾ നിരന്തര പരിശോധന നടത്തും.

ഓരോ ജില്ലയിലെയും സമയനിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ രാവിലെ 8:00 മുതൽ 10:00 മണി വരെ ടിപ്പറുകൾക്ക് കർശന നിരോധനമുണ്ട്. വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്ത് 3:00 മുതൽ 4:30 വരെയും, കണ്ണൂരിൽ 4:00 മുതൽ 6:00 വരെയുമാണ് നിയന്ത്രണം. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രാവിലെ 8:30 മുതൽ 10:00 മണി വരെയാണ് നിയന്ത്രണ സമയം. വൈകുന്നേരങ്ങളിൽ കൊല്ലത്ത് 3:30 മുതൽ 4:30 വരെയും, പത്തനംതിട്ടയിൽ 3:00 മുതൽ 4:30 വരെയുമുള്ള സമയങ്ങളിൽ ടിപ്പർ വാഹനങ്ങൾ സർവീസ് നടത്തുന്നത് നിരോധിച്ചു.

കോട്ടയം ജില്ലയിൽ രാവിലെ 8:30 മുതൽ 9:30 വരെയും വൈകുന്നേരം 3:30 മുതൽ 4:30 വരെയുമാണ് നിയന്ത്രണം. ഇടുക്കി, എറണാകുളം ജില്ലകളിൽ രാവിലെ 8:30 മുതൽ 10:00 മണി വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയുമാണ് ടിപ്പറുകൾക്ക് വിലക്കുള്ളത്. കാസർകോട് ജില്ലയിൽ രാവിലെ 9:00 മുതൽ 10:00 വരെയും വൈകുന്നേരം 4:00 മുതൽ 5:00 വരെയുമാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളിൽ ഒരേ സമയക്രമമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ സ്കൂൾ കുട്ടികളുടെ യാത്ര സുഗമമാക്കാൻ രാവിലെ 8:30 മുതൽ 10:00 മണി വരെയും, വൈകുന്നേരം 3:30 മുതൽ 5:00 മണി വരെയും ടിപ്പർ വാഹനങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button