News

ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം നൽകാൻ നീക്കം! പി.എസ്.സിയിൽ വീണ്ടും ക്രമക്കേട് ആരോപണം; അന്വേഷണമാരംഭിച്ച് എസ്.ഐ.ടി

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും ഗുരുതര ആരോപണങ്ങൾ ഉയരുന്നു. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർത്ഥിയെ ഒഴിവാക്കി പട്ടികയിൽ ഇടംപിടിക്കാത്ത മറ്റൊരു വ്യക്തിക്ക് നിയമനം നൽകാൻ നീക്കം നടന്നതായാണ് പരാതി. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷണം ആരംഭിച്ചു.

ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മീഡിയ മേക്കർ തസ്തികയിലേക്കുള്ള നിയമനത്തിലാണ് വിവാദം. 35,600 മുതൽ 75,400 രൂപ വരെയാണ് ഈ തസ്തികയുടെ ശമ്പള സ്കെയിൽ. പത്ത് വർഷത്തിലൊരിക്കൽ മാത്രം വിജ്ഞാപനം ചെയ്യപ്പെടുന്ന ഈ തസ്തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ബി.എസ്‌സി കെമിസ്ട്രിയും ഡി.എം.എൽ.ടി യോഗ്യതയുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചതിനെത്തുടർന്ന് 343 പേരാണ് പരീക്ഷയെഴുതിയത്. എഴുത്തുപരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയശേഷം സെപ്റ്റംബർ 17നാണ് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 11 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്.

നെയ്യാറ്റിൻകര സ്വദേശിനിയായ വി.എസ്. രേഷ്മയാണ് 47.33 മാർക്കോടെ ഒന്നാം റാങ്ക് നേടിയത്. എഴുത്തുപരീക്ഷയിൽ 35.33 മാർക്കും അഭിമുഖത്തിൽ 12 മാർക്കുമാണ് രേഷ്മയ്ക്ക് ലഭിച്ചത്.

എന്നാൽ ഒക്ടോബറിൽ ലഭിക്കേണ്ടിയിരുന്ന നിയമന ശുപാർശ വൈകിയതോടെയാണ് രേഷ്മ പി.എസ്.സി ഓഫീസിലെത്തി അന്വേഷിച്ചത്. അപ്പോഴാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത ഭിന്നശേഷിക്കാരനായ മറ്റൊരു പരീക്ഷാർത്ഥിക്ക് നിയമനം നൽകാനുള്ള നീക്കത്തെക്കുറിച്ച് അറിയുന്നത്.

റാങ്ക് പട്ടികയിൽ ഭിന്നശേഷിക്കാരനായ ഉദ്യോഗാർത്ഥി ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് വ്യക്തമായതെന്നാണ് റിപ്പോർട്ട്. റാങ്ക് പട്ടികയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഒന്നാം റാങ്കുകാരി കോടതിയെ സമീപിച്ചില്ലെങ്കിൽ മറ്റൊരു ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാമെന്ന നിലപാടാണ് അധികൃതർ അറിയിച്ചതെന്നും പരാതിയിലുണ്ട്.

സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും ക്രൈംബ്രാഞ്ച് ഐ.ജിക്കും രേഷ്മ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടികയിലെ വിവരങ്ങളും നിയമന നടപടികളുടെ നിലവിലെ അവസ്ഥയും പരിശോധിക്കാൻ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. നിലവിൽ ആർക്കും നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ നൽകിയിട്ടില്ല.

മുമ്പ് 2004ലും 2015ലും ഈ തസ്തികയിലേക്ക് ഓപ്പൺ കാറ്റഗറിയിൽ നിന്നാണ് നിയമനം നടത്തിയിരുന്നത്. ഒരേയൊരു ഒഴിവ് മാത്രമുള്ളതിനാൽ റൊട്ടേഷൻ വ്യവസ്ഥ ബാധകമല്ലെന്ന കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ വിവാദവും പുറത്തുവന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ പരാതിയിൽ അന്വേഷണത്തിലൂടെ എന്ത് കണ്ടെത്തുമെന്ന ആകാംക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button