NationalNews

സ്കൂൾ ബാഗിന്റെ ഭാരം നിയന്ത്രിക്കാൻ കേന്ദ്ര നയം; ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവർക്കിനും നിയന്ത്രണം

ന്യൂഡൽഹി: വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം നിയന്ത്രിക്കുന്നതിനായി വ്യക്തമായ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ ബാഗ് നയം അനുസരിച്ച് ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം 1.6 മുതൽ 2.2 കിലോഗ്രാം വരെയായിരിക്കണം. പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് വേണ്ടെന്നും നയം നിർദേശിക്കുന്നു.

വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ അധികമാകരുത് സ്കൂൾ ബാഗിന്റെ ഭാരമെന്നാണ് കേന്ദ്ര നയത്തിലെ പ്രധാന നിർദേശം. കുട്ടികളുടെ ആരോഗ്യത്തെയും ശാരീരിക വളർച്ചയെയും പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ ബാഗിന്റെ ഭാരം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

സ്കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് കേരളവും പുതിയ നയരൂപീകരണത്തിന് ഒരുങ്ങുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അടിസ്ഥാനമാക്കുന്നതായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.

സ്കൂളുകളിൽ ബാഗുകളുടെ ഭാരം ഇടയ്ക്കിടെ പരിശോധിക്കണം. ഇതിനായി തൂക്കം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഓരോ ദിവസവും ആവശ്യമായ പുസ്തകങ്ങളും പഠനസാമഗ്രികളും മാത്രമാണ് കുട്ടികൾ കൊണ്ടുവരുന്നതെന്ന് അധ്യാപകർ ഉറപ്പാക്കണമെന്നും കേന്ദ്ര നയം നിർദേശിക്കുന്നു.

ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസം ‘ബാഗില്ലാ ദിനങ്ങൾ’ ആചരിക്കണമെന്നും ഈ ദിവസങ്ങളിൽ സർഗാത്മകവും പ്രായോഗികവുമായ പഠനപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്.

ക്ലാസ് അടിസ്ഥാനത്തിൽ സ്കൂൾ ബാഗിന്റെ നിർദേശിക്കപ്പെട്ട ഭാരം

ക്ലാസ്| ബാഗിന്റെ ഭാരം
ഒന്നാം ക്ലാസ്| 1.6–2.2 കിലോ
രണ്ടാം ക്ലാസ്| 1.6–2.2 കിലോ
മൂന്നാം ക്ലാസ്| 1.7–2.5 കിലോ
നാലാം ക്ലാസ്| 1.7–2.5 കിലോ
അഞ്ചാം ക്ലാസ്| 1.7–2.5 കിലോ
ആറാം ക്ലാസ്| 2.0–3.0 കിലോ
ഏഴാം ക്ലാസ്| 2.0–3.0 കിലോ
എട്ടാം ക്ലാസ്| 2.5–4.0 കിലോ
ഒൻപതാം ക്ലാസ്| 2.5–4.5 കിലോ
പത്താം ക്ലാസ്| 2.5–4.5 കിലോ
പതിനൊന്നാം ക്ലാസ്| 3.5–5.0 കിലോ
പന്ത്രണ്ടാം ക്ലാസ്| 3.5–5.0 കിലോ

ഹോംവർക്കിനും നിയന്ത്രണം

അനാവശ്യമായ ഹോംവർക്ക് നൽകുന്നത് നിയന്ത്രിക്കണമെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധിക പഠനഭാരം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര നയം നിർദേശിക്കുന്നു. ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹോംവർക്ക് നൽകരുതെന്നും നയത്തിൽ വ്യക്തമാക്കുന്നു.

കുട്ടികളുടെ പഠനം സമ്മർദരഹിതവും ആരോഗ്യകരവുമാക്കുന്നതിനൊപ്പം സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുകയും പ്രായത്തിനനുസരിച്ചുള്ള പഠനരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്ര നയത്തിന്റെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button