Blog

ഇത് അവസാന മുന്നറിയിപ്പ്; മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിയെ വെല്ലുവിളിച്ച് സ്റ്റാലിൻ; ‘തമിഴ്‌നാട് കത്തുമെന്ന’ മുന്നറിയിപ്പുമായി ഡിഎംകെ

ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോയാൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിന് തമിഴ്നാട് സാക്ഷ്യം വഹിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. അവസാന മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മോദിയെ സ്റ്റാലിൻ വെല്ലുവിളിച്ചത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് അനർഹമായ പ്രാധാന്യം നൽകി തമിഴ്നാടിന്റെ അധികാരം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർവ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1950 കളിലെയും 60 കളിലെയും ഡി എം കെയുടെ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരൻ എന്ന നിലയിലുമാണ് താൻ ഇത് പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

ഓരോ വീട്ടിലുള്ളവരും തെരുവിലിറങ്ങും
തമിഴ്നാടിന്റെ സ്വാഭിമാനത്തെ തൊട്ടാൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങുമെന്നും ദില്ലിയിൽ ഇരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിരട്ടലായി പറയുന്നതല്ലെന്നും മുന്നറിയിപ്പ് മാത്രമാണെന്നും ഇനി വിരട്ടലായി കണ്ടാലും ഒരു പ്രശ്നമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. സ്വാഭിമാനമാണ് വലുതെന്നും തിരഞ്ഞെടുപ്പും അധികാരവും തമിഴ് ജനതക്ക് രണ്ടാമത്തെ കാര്യമാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അംബേദ്കറുടെ നാമത്തിൽ ആണയിടുന്നതായും, മോദിക്കുള്ള ഈ ഫൈനൽ വാണിങ് അവഗണിച്ചാൽ ഇന്ത്യ മുഴുവൻ അതിന്റെ പ്രത്യാഘാതം ശ്രദ്ധിക്കുന്ന നിലയിലായിരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button