News

“വിശ്വസുന്ദരി കിരീടം ആതിഥേയർക്ക് സ്വന്തം; 2026ൽ സൗന്ദര്യലോകം പ്യൂർട്ടോ റിക്കോയ്ക്ക് മുന്നിൽ!”

സാൻ ജുവാൻ: 2026ലെ 75-ാമത് മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കി ആതിഥേയരായ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരെറ്റോ. മുൻ വിശ്വസുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് ആണ് കിരീടം അണിയിച്ചത്. ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ മെലിസ നുനെസ് ആണ് ഫസ്റ്റ് റണ്ണറപ്പ്. വെനേസ്വലൻ സുന്ദരി ക്ളാര വേഗാസ് ഗോറ്റ്‌സ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലൻഡും ഫിലിപ്പീൻസുമാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.

ഫൈനൽ റൗണ്ടിൽ എല്ലാ മത്സരാത്ഥികളോടും ഒരേ ചോദ്യമായിരുന്നു ചോദിച്ചത്. ഇപ്പോൾ ലോകത്തിന് തങ്ങളുടെ നേതാക്കളിൽ നിന്ന് എന്താണ് വേണ്ടത്? എന്നതായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരം കൂടി വിലയിരുത്തിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. ജെന്നിഫറിന്റെ ഉത്തരമാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. ‘സഹാനുഭൂതിയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു.

മറ്റുള്ളവരെ വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്; എന്നാൽ ഒരു നേതാവ് സ്വന്തം മൂല്യങ്ങൾക്കായി നിലകൊള്ളുകയും, മാതൃക സൃഷ്ടിക്കുകയും, നിലവാരം ഉയർത്തുകയും വേണം’- എന്നായിരുന്നു ജെന്നിഫറിന്റെ ഉത്തരം.ആറാം തവണയാണ് പ്യൂർട്ടോ റിക്കോ മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കുന്നത്. 1970, 1985, 1993, 2001, 2006 വർഷങ്ങളിലാണ് പ്യൂർട്ടോ റിക്കോ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയത്. സ്വന്തം മണ്ണിൽ പ്യൂർട്ടോ റിക്കോ നേടുന്ന രണ്ടാമത്തെ മിസ് യൂണിവേഴ്സ് കിരീടം കൂടിയാണിത്.

2001ൽ പ്യൂർട്ടോ റിക്കോ സൗന്ദര്യമത്സരത്തിന് ആതിഥേയത്വം വഹിച്ചപ്പോൾ ഡെനിസ് ക്വിനോൺസ് മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അതേസമയം, മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സര വേദിയിൽ 30 സെമിഫൈനലിസ്റ്റുകളിൽ ഇടംപിടിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചെങ്കിലും, ആദ്യ 12ൽ എത്താനാകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്തായി. സ്വിംസ്യൂട്ട് റൗണ്ടിന് ശേഷം അടുത്ത ഘട്ടമായ ഈവനിംഗ് ഗൗൺ റൗണ്ടിലേക്കുള്ളവരുടെ പട്ടികയിൽ ഇടംപിടിക്കാൻ കെസിയയ്ക്ക് സാധിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button