News

ദുരിതാശ്വാസ ക്യാമ്പിൽ ദുരിതം, സർക്കാർ സഹായം ലഭിക്കുന്നില്ല: പരാതിയുമായി കോൺഗ്രസ് നേതാവ്

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിൽ കൊടിയ ദുരിതമെന്ന പരാതിയുമായി കോൺഗ്രസ് നേതാവ്. അറന്മുള നീർവിളാകത്ത് ക്യാമ്പിലുള്ളവരാണ് ദുരിതത്തിൽ കഴിയുന്നതെന്നും സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ലെന്നുമാണ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്സ് എം ജോർജ് പരാതി പറയുന്നത്.

ക്യാമ്പ് തുടങ്ങിയിട്ട് മൂന്നുദിവസമായെങ്കിലും ആഹാരമോ വെള്ളമോ ലഭിക്കുന്നില്ലെന്നും പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. ഒരു വാർത്താ ചാനലാണ് നേതാവിന്റെ പ്രതികരണം പുറത്തുവിട്ടത്. സന്നദ്ധ സംഘടനകൾ മാത്രമാണ് ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ പത്തനംതിട്ടയിലെ ദുരന്തമേഖലകൾ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്.

എല്ലാവർഷവും വെള്ളംകയറുന്ന പ്രദേശമാണ് നീർവിളാകം. വെള്ളംകയറിയാൽ റോഡുമാർഗം ഇവിടേയ്ക്ക് എത്താൻ കഴിയില്ല. ബോട്ടുമാത്രമാണ് ആശ്രയം. നീർവിളാകത്തേക്ക് സഹായം എത്തിക്കാൻവേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് എം എൽ എ അബിൻ വർക്കി അറിയിച്ചു.അതേസമയം, ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്ന് മഴ മാറിനിന്നതോടെ വെള്ളമിറങ്ങുന്നതിന്റെ വേഗതയും കൂടിയിട്ടുണ്ട്.

മുഖ്യമന്ത്രി റാന്നി ഉൾപ്പെടെയുള്ള മേഖലയിലെത്തി ദുരന്തബാധിതരുമായി നേരിട്ട് സംസാരിക്കും എന്നാണ് അറിയുന്നത്. മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നാളത്തെ മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുന്നതിനുമുന്നോടിയാണ് സന്ദർശനം. 353 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,496 പേർ കഴിയുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button