KeralaNews

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (K.E.R) അനുസരിച്ച്, സ്കൂളുകൾ അടച്ചിടാൻ മാനേജ്‌മെൻ്റിനോ മറ്റ് വ്യക്തികൾക്കോ അധികാരമില്ല. K.E.R-ലെ അധ്യായം III, റൂൾ 4(1) പ്രകാരം, സ്കൂളുകൾ സർക്കാർ അംഗീകാരത്തോടെയാണ് പ്രവർത്തിക്കേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചാൽ അത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശ ലംഘനമായി കണക്കാക്കും.

വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009) അനുസരിച്ച്, ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഈ നിയമത്തിലെ അധ്യായം II, സെക്ഷൻ 3 ഈ അവകാശം ഉറപ്പാക്കുന്നു. മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം കുട്ടികളുടെ പഠനം തടസ്സപ്പെടുത്തിയാൽ, ഇത് ഈ നിയമങ്ങളുടെ ലംഘനമാകും. ഇത്തരം സാഹചര്യങ്ങളിൽ സ്കൂളുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ, മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button