ലോകകപ്പിൽ ചാമ്പ്യന്മാരുടെ കുതിപ്പ്; അർജന്റീനക്ക് ജയത്തുടക്കം

ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അർജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഹാട്രിക് മികവിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ പരാജയപ്പെടുത്തി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്.
മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായത്തിനാണ് കാൻസാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോർഡ് 38-കാരനായ മെസി സ്വന്തമാക്കി.
വാറും ഓഫ്സൈഡും നിറഞ്ഞ തുടക്കം മുതൽ ഇരുടീമുകളും അതിവേഗ ആക്രമണങ്ങളാണ് പുറത്തെടുത്തത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ലിയോണൽ മെസി പന്ത് അൽജീരിയൻ വലയിലെത്തിച്ചെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഓഫ്സൈഡ് ആയി. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൽജീരിയയുടെ ഫാരെസ് ചൈബി അർജന്റീനിയൻ വല കുലുക്കിയെങ്കിലും റഫറി വീണ്ടും ഓഫ്സൈഡ് വിധി എഴുതിയത് മത്സരത്തിൽ നാടകീയത കൂട്ടി.
കളി തിരിച്ച് മെസ്സി പ്രഭാവം; ആദ്യ ഗോൾ
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് സ്റ്റേഡിയത്തെ ആവേശക്കടലാക്കിയ ആദ്യ ഗോൾ പിറന്നത്. മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ ഒരു ത്രൂ-പാസ് സ്വീകരിച്ച്, അൽജീരിയൻ പ്രതിരോധത്തെ അനായാസം വെട്ടിച്ച് മെസി ബോക്സിലേക്ക് കുതിച്ചു. തുടർന്ന് തൊടുത്ത ക്ലിനിക്കൽ കർവിങ് ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് റൈറ്റ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റെക്കോർഡ് മെസ്സിസിക്ക് സ്വന്തമായി.




