KeralaNews

‘ഇനി ഓഫീസില്‍ ഇരുന്നുളള ജോലി വേണ്ട’; പരമാവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്കു പോകണം’ : ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്കു പോകണമെന്നും മന്ത്രി പറഞ്ഞു. അധികമായി 100 വണ്ടികള്‍ ഓടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ജീവനക്കാരെ ഓഫിസ് ജോലിയിലേക്കു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാറ്റുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

3600 ഓളം ചെറിയ കേസുകളാണ് ജീവനക്കാരുടെ പേരിലുള്ളത്. ചെറിയ കുറ്റകൃത്യങ്ങള്‍ നടപടിയെടുത്ത് അവസാനിപ്പിക്കാന്‍ 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം. കെഎസ്ആര്‍ടിസി ചലോ അപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ യാത്രക്കാര്‍ക്കു എല്ലാ വിവരങ്ങളും ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ എന്‍ക്വയറി കൗണ്ടറുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡുകള്‍ വന്‍ വിജയമാണെന്നും മന്ത്രി പറഞ്ഞു. ഒരുലക്ഷം കാര്‍ഡുകള്‍ പുറത്തിറക്കിയെന്നും അതില്‍ എണ്‍പതിനായിരം കാര്‍ഡുകള്‍ വിറ്റുപോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സമാനമായി കുട്ടികള്‍ക്കുളള പുതിയ ഡിജിറ്റല്‍ കണ്‍സഷന്‍ കാര്‍ഡ് നടപ്പാക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

‘ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുളള കുട്ടികള്‍ക്കു കാര്‍ഡ് നല്‍കും. 110 രൂപയാണു വാര്‍ഷിക ചെലവ്. മാസത്തില്‍ 25 ദിവസം നിശ്ചിത റൂട്ടുകളില്‍ സഞ്ചരിക്കാം. പഴഞ്ചന്‍ ലാന്‍ഡ് ഫോണുകള്‍ മാറ്റി എല്ലാ ഡിപ്പോകളിലും പതിയ മൊബൈല്‍ ഫോണുകളും നല്‍കും. സ്മാര്‍ട്ട് ഫോണുകളായതിനാല്‍ വാട്സാപ്പ് വഴിയും പരാതികള്‍ കൈമാറാമെന്നും’ മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button