ചങ്ങനാശ്ശേരി മന്നം സമാധിയിലെ പുഷ്പാർച്ചന വിലക്ക് അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ബംഗാൾ ഗവർണർ ആനന്ദബോസ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്ന് ആവശ്യം. മുഖ്യമന്ത്രിക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ്
മന്നം സമാധിയിൽ തൊഴാനും പുഷ്പാർച്ചന നടത്തുവാനും എല്ലാ പൊതുജനങ്ങൾക്കും അവകാശമുണ്ടെന്നും, ഇത്തരം വിലക്ക് പൊതുജനങ്ങൾക്ക് ഇല്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു . മന്നം ജാതി–മത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ട സാമൂഹിക പരിഷ്കർത്താവായതിനാൽ അദ്ദേഹത്തിന്റെ സമാധിയെ സമൂഹം ബഹുമാനത്തോടെയാണ് കാണുന്നതെന്നും പരാതിയിൽ പറയുന്നു.
ഡൽഹിയിൽ നടന്ന മന്നം ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ചങ്ങനാശ്ശേരി മന്നം സമാധിയിൽ പ്രവേശിപ്പിച്ചില്ലെന്ന് ആനന്ദബോസ് വെളിപ്പെടുത്തിയത്. ഭരണഘടനാ പദവിയിലുള്ള വ്യക്തിയായ ഗവർണർ നടത്തിയ ഈ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും, അത്തരത്തിൽ വിലക്ക് ഉണ്ടായിരുന്നോയെന്ന് കൃത്യമായി അന്വേഷിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു. മന്നം സമാധിയിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിനോ പുഷ്പാർച്ചനയ്ക്കോ വിലക്ക് ഇല്ലെന്ന് സർക്കാർ വ്യക്തമായി അറിയിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.




