News

‘എനിക്ക് മന്ത്രിസ്ഥാനം നൽകാതിരുന്നത് ഒരു പ്രത്യേക ഘടകകക്ഷി’; ചെന്നിത്തലയും സതീശനും വകുപ്പ് വരെ ചർച്ച ചെയ്ത് വാക്ക് തന്നതാണ്; വെളിപ്പെടുത്തലുമായി മാണി സി. കാപ്പൻ!

തിരുവനന്തപുരം: തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പന്‍റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. എന്നാൽ ജയിച്ച് കഴിഞ്ഞപ്പോൾ ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകകക്ഷി എതിർത്തുവെന്നും, ഘടകകക്ഷി ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മാണി സി കാപ്പൻ മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. ഒറ്റ എംഎൽഎ മാത്രം ഉള്ളപ്പോൾ കൂടുതൽ മന്ത്രി സ്ഥാനം നൽകാനാകില്ലെന്നും തങ്ങൾക്ക് കൂടുതൽ എംഎംഎൽമാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ല എന്ന് ഘടകക്ഷി നേതാവ് പരാതി പറഞ്ഞു, കിട്ടിയ അവസരം കോൺഗ്രസ് മുതലാക്കിയെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.

ടീം യുഡിഎഫ് എന്ന നിലയിൽ കുറച്ചുകൂടി സുതാര്യമാകേണ്ടതായിരുന്നു. ഈ പേര് പറഞ്ഞ് മുഖ്യമന്ത്രി ഉൾപ്പടെ 11 മന്ത്രി സ്ഥാനം എന്നുള്ളത് കോൺഗ്രസ് 12 ആക്കിയെന്നും കാപ്പൻ പറഞ്ഞു. ക്യാബിനറ്റ് പദവിയെ ഘടകക്ഷി എതിർത്തതിനാലാണ് ഞങ്ങൾക്ക് ഒരു അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകേണ്ടി വന്നത്. തുടർന്ന് അനൂപ് ജേക്കബും ഞാനും കൂടി ആലോചിച്ചു. ആദ്യത്തെ ടേം അനൂപ് മന്ത്രിയാവട്ടേ എന്ന് മുഖ്യമന്ത്രിയുടെ മുന്നിൽ വെച്ച് ധാരണയായതാണ്. ഇത് ഔദ്യോഗികമായി മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറയാം എന്നാണ് അറിയിച്ചത്. ടേം വ്യവസ്ഥ അംഗീകരിച്ചതാണ്,അത് മുഖ്യമന്ത്രി പറയുമെന്നും ആദ്യത്തെ രണ്ടര വ‍ർഷം ക്യാബിനറ്റിന് തുല്യമായ പദവി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അത് മാന്യമായ രീതിയിൽ ചെയ്യുമെന്നാണ് എന്നോട് ഇങ്ങോട്ട് പറഞ്ഞതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ക്യാബിനറ്റ് പദവി നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെയും പറഞ്ഞു. മാന്യമായ ഒരു അക്കോമഡേസേഷൻ തരുമെന്നാണ് പ്രതീക്ഷ. ആദ്യത്തെ രണ്ടര വർഷത്തേക്ക് ഒരു ക്യാബിനറ്റ് പദവിതരുമെന്നാണ് കരുതുന്നത്. ഇതൊന്നും ഞാൻ അങ്ങോട്ട് ചോദിച്ചതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. മന്ത്രിയാകുമെന്ന് പാലായിൽ വന്ന് പ്രഖ്യാപനം നടത്തിയത് വി.ഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. വകുപ്പ് വരെ ചർച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെ ഒരു സിറ്റുവേഷനുണ്ടായത്. ഇതിലൊന്നും പരാതിയില്ല,സന്തോഷത്തോടെയാണ് പാലായിലേക്ക് മടങ്ങുന്നതെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. മാണി സി. കാപ്പൻ തിരിച്ചു വരുന്നത് ‘കൊടിവെച്ച വണ്ടിയിലായിരിക്കും’ എന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ വിഡി സതീശനും, പാലായ്ക്ക് വലിയൊരു സമ്മാനം നൽകുമെന്ന് ചെന്നിത്തലയും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button