വീര്യം കുറഞ്ഞ മദ്യം: നികുതി നിർദേശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൂചന; മുഖ്യമന്ത്രിക്ക് മുന്നിൽ രാഷ്ട്രീയ വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് സാഹചര്യമൊരുക്കുന്ന നികുതി നിർദേശത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പിന്നോട്ടുപോകില്ലെന്ന് സൂചന. ബുധനാഴ്ച നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹം നിലപാട് ആവർത്തിക്കാനാണ് സാധ്യത.
എന്നാൽ നികുതി നിശ്ചയിച്ചതുകൊണ്ട് മാത്രം വീര്യം കുറഞ്ഞ മദ്യവിൽപ്പനയ്ക്ക് അന്തിമ അനുമതി ലഭിച്ചതായി കരുതാനാകില്ല. യു.ഡി.എഫ്. സർക്കാരിന്റെ പുതിയ മദ്യനയം രൂപംകൊണ്ടതിന് ശേഷമേ സമവായത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകൂ എന്നതാണ് നിലവിലെ വിലയിരുത്തൽ.
മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 0.5 ശതമാനം മുതൽ 20 ശതമാനം വരെ സ്പിരിറ്റുള്ള പാനീയങ്ങളെ വീര്യം കുറഞ്ഞ മദ്യമായി പ്രത്യേക വിഭാഗമാക്കി വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു. നികുതി ഘടനയിൽ ധാരണയായെങ്കിലും അവസാനഘട്ടത്തിൽ തീരുമാനം നടപ്പിലായിരുന്നില്ല. ആ കാലത്തെ ഫയലുകളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ശേഖരിച്ചിരിക്കുന്നത്.
മുൻ സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിന് പൊതുവായി 175 ശതമാനം നികുതി ആലോചിച്ചിരുന്നെങ്കിൽ, ഇപ്പോഴത്തെ ബജറ്റിൽ അതിനെ രണ്ട് വിഭാഗങ്ങളാക്കി വേർതിരിച്ചിട്ടുണ്ട്. 0.5 മുതൽ 10 ശതമാനം വരെ സ്പിരിറ്റുള്ള മദ്യത്തിന് 150 ശതമാനവും, 10 മുതൽ 20 ശതമാനം വരെ സ്പിരിറ്റുള്ളതിന് 200 ശതമാനവുമാണ് നിർദേശിച്ച നികുതി.
എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ തലത്തിലാണ്. വീര്യം കുറഞ്ഞ മദ്യവിൽപ്പനയുമായി മുന്നോട്ട് പോകണമെങ്കിൽ യു.ഡി.എഫിനുള്ളിലും പ്രത്യേകിച്ച് കോൺഗ്രസിനുള്ളിലും പൊതുധാരണ അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതുവരെ വ്യക്തമായ മദ്യനയം രൂപീകരിക്കാത്ത സാഹചര്യത്തിൽ, മുതിർന്ന നേതാക്കളുമായോ മന്ത്രിസഭയിലെ സഹപ്രവർത്തകരുമായോ മതിയായ ആലോചന കൂടാതെയാണ് മുഖ്യമന്ത്രി നയപരമായ തീരുമാനം എടുത്തതെന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ശക്തമാണ്.
അതേസമയം, വീര്യം കൂടിയ മദ്യാസക്തിയിലേക്ക് കൂടുതൽ ആളുകൾ വഴുതിവീഴാതിരിക്കാൻ വിദേശ രാജ്യങ്ങളിലടക്കം നിലവിലുള്ള വീര്യം കുറഞ്ഞ മദ്യം ഗുണകരമാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
അധികാരമേറ്റ് ഒരു മാസം പിന്നിടുംമുമ്പേ തിരുത്തലുകളും വിവാദങ്ങളും വർധിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകാമെന്ന ആശങ്കയും മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന വിഭാഗങ്ങൾക്കുണ്ട്. എന്നിരുന്നാലും നിയമസഭയിലെ വിശദീകരണത്തിന് ശേഷം എതിർപ്പുകളെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി.




