കെ.കെ. മഹേശൻ കേസ് വീണ്ടും തുറക്കണം; വെള്ളാപ്പള്ളിക്കെതിരെ സുധീരൻ

എസ്.എൻ.ഡി.പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശനെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വെള്ളാപ്പള്ളിയുടെ നിലവിലെ സംസാരരീതി കവലച്ചട്ടമ്പികളുടേതിന് സമാനമാണെന്നും, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും ചേരാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. ശ്രീനാരായണഗുരുവിന്റെയും പ്രസ്ഥാനത്തിന്റെയും ഉദാത്തമായ ആശയങ്ങൾക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സത്യം പുറത്തുകൊണ്ടുവരാൻ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് വി.എം. സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.കെ. മഹേശന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താനും മഹേശന്റെ ഭാര്യയും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് പിണറായി വിജയൻ സർക്കാരിന് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്ന് പറഞ്ഞ സുധീരൻ, നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ നൽകിയ പരാതി ഇന്നലെ വീണ്ടും സർക്കാരിന് കൈമാറിയതായും വ്യക്തമാക്കി.




