
സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ അതിജീവിതയുടെ അഭിഭാഷക പൊലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിയാണ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിന് താന്‍ നൽകിയ അഭിമുഖത്തിൽ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
തന്നെ അപമാനിക്കുന്നതിലുപരി അതിജീവിതയെ അപമാനിക്കുന്ന തരത്തിലാണ് അധിക്ഷേപ പ്രചാരണം നടക്കുന്നതെന്നും പരാതിയിലുണ്ട്. അഭിമുഖഭാഗം തെറ്റായ തരത്തില്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കും സാമൂഹ്യമാധ്യമ അക്കൗണ്ടുടമകള്‍ക്കും എതിരെയാണ് അഡ്വ.ടി ബി മിനി പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്.


