KeralaNews

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കം: സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ കോണ്‍സലിനെ നിയോഗിച്ച് കേരളം. അഭിഭാഷകന്‍ റോയ് എബ്രഹാം ആണ് കേരളത്തിന്റെ സ്പെഷ്യല്‍ കോണ്‍സല്‍. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലും റോയ് എബ്രഹാം ഹാജരാകും.

കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും, വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളിലാകും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകുക. സീനിയര്‍ അഭിഭാഷകന്‍ മോഹന്‍ കതാര്‍ക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

1992 മുതല്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക കേസുകളില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ജി പ്രകാശിനെയാണ് നിയമിച്ചത്. സംസ്ഥാനത്തിന്റെ മുന്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ കൂടിയായിരുന്നു ജി പ്രകാശ്. ലാവലിന്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന ആഭിഭാഷകന്‍ കൂടിയാണ് ജി പ്രകാശ്. റോയ് എബ്രഹാമിനെ നിയമിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ജി പ്രകാശിനെ മാറ്റിയതായി വ്യക്തമാക്കുന്നില്ല. എന്നാല്‍ പകരം നിയമനം എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button