
കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ ജാമ്യം നൽകണമെന്നാണ് ജിതിൻ്റെ വാദം. തെളിവ് നശിപ്പിക്കാൻ സാധ്യതയുഉളതിനാൽ ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വ്യാജ സ്ക്രീൻഷോട്ട് ആദ്യ ഘട്ടത്തിൽ ഷെയർ ചെയ്ത മുൻ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ സിപിഎം നേതാക്കളുടെ പങ്ക് കൂടി പുറത്തുവരണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. പാർട്ടി നിർദേശപ്രകാരമാണ് കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചതെന്നാണ് മനസിലാകുന്നത്. പാർട്ടിയുടെ അറിവില്ലാത്തതാണെങ്കിൽ ഉത്തരവാദപ്പെട്ട നേതാക്കൾ സ്ക്രീൻഷോട്ട് ഷെയർ ചെയ്യില്ല. സ്ക്രീൻ ഷോട്ട് നിർമിക്കാൻ നിർദേശം നൽകിയവരിലേക്ക് കൂടി അന്വേഷണം പോകണമെന്നും പാറക്കൽ അബ്ദുല്ല വ്യക്തമാക്കി.
കാഫിർ സ്ക്രീൻഷോട്ടിന് പിന്നിലെ ഗൂഢാലോചനക്കാരെകൂടി പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ആവശ്യപെട്ടു. ഗൂഢാലോചനക്കാരെ കണ്ടെത്തും വരെ നിയമപോരാട്ടം തുടരുമെന്ന് കേസിൽ കുറ്റമുക്തനാക്കപ്പെട്ട യുത്ത്ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമും പറഞ്ഞു.




