KeralaNews

ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നത്’; പഴയ പ്രസ്താവനയില്‍ മുരളീധരന് ശൈലജയുടെ മറുപടി

ഭരിക്കുന്നവര്‍ കൊള്ളാത്തതുകൊണ്ടാണ് നിപ പോലുള്ള അസുഖങ്ങള്‍ വരുന്നതെന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ മുന്‍ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. മുരളീധരനെ പരിഹസിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നു. മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും അടക്കമുള്ളവർ മുരളീധരനെതിരെ വിമർശനം ഉന്നയിച്ചു. ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചു. കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുന്‍പ് തന്നെ നിപ റാണി എന്ന് വിളിച്ച് അപമാനിച്ചിരുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ നടത്തില്ല. കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

കെ മുരളീധരന്‍ നടത്തിയ പ്രസംഗം പലരും അയച്ചു നല്‍കിയിരുന്നുവെന്നും ശരി തെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നുമായിരുന്നു വീണ ജോര്‍ജ് പറഞ്ഞത്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഇടതുപക്ഷസമീപനം. രോഗിക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികള്‍ സ്വീകരിക്കണം. അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്ലൈനും കേരളത്തിനുണ്ട്. എന്‍ഐവി പൂനെയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം.

മുരളീധരനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും രംഗത്തെത്തിയിരുന്നു. മഹാമാരികളും അപകടങ്ങളും ഉണ്ടാകുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്. കൂട്ടായ പ്രതിരോധമാണ് നാടിന്റെ രക്ഷ. മഹാമാരിയെയും ഇത്തരം സാമൂഹ്യ വിരുദ്ധന്മാരെയും ജാഗ്രതയോടെ നേരിടാമെന്നും ശിവപ്രസാദ് അന്ന് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെ മുരളീധരന്‍ പറഞ്ഞ പ്രസംഗം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയായിരുന്നു. ‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ…,വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വയ്യാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാകാന്‍ കാരണം. ഭരിക്കുന്നവര്‍ ശരിയല്ല, അതുകൊണ്ടുതന്നെയാണ്’ എന്നായിരുന്നു മുന്‍പ് കെ മുരളീധരന്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button