NationalNews

വിജയ് സർക്കാരിന് ആദ്യ രാഷ്ട്രീയ വിജയം; തമിഴ്‌നാട് നിയമസഭാ സ്പീക്കറായി ജെ.സി.ഡി പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്ക് ആദ്യ രാഷ്ട്രീയ വിജയമായി സ്പീക്കർ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് അറിയിച്ചത്. എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ജെ സി ഡി പ്രഭാകറിനെയും എം രവിശങ്കറിനെയും സ്പീക്കർമാരുടെ കസേരയിലേക്ക് ടി വി കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്. ഇരുവർക്കുമെതിരെ പ്രതിപക്ഷ കക്ഷികളായ ഡി എം കെയും എ ഐ എ ഡി എം കെയും സ്ഥാനാർഥികളെ നിർത്താത്തത് ടി വി കെയ്ക്ക് രാഷ്ട്രീയമായി നേട്ടമാണ്. എം കെ സ്റ്റാലിനടക്കമുള്ള എതിർപക്ഷ നേതാക്കളുടെ വീടുകളിലടക്കം സന്ദർശനം നടത്തി രാഷ്ട്രീയ വൈര്യത്തിനപ്പുറമുള്ള സ്നേഹം പങ്കിട്ടുള്ള വിജയ്ന്‍റെ നീക്കം കൈയ്യടി നേടുന്നതിന് ഉദാഹരണമായി സ്പീക്കർ തെരഞ്ഞെടുപ്പ് മാറി.

ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ ജെ സി ഡി പ്രഭാകർ മൂന്ന് തലമുറകളിലെ ജനപ്രതിനിധിയാണ്. എം ജി ആർ, ജയലളിത, ഇപ്പോൾ വിജയ് സർക്കാറുകളുടെ കാലത്ത് എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിച്ചതിലൂടെ സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടി വി കെ കണക്കുകൂട്ടുന്നത്. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ജെ സി ഡി പ്രഭാകർ, 1980 ൽ 28 -ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എ ഐ എ ഡി എം കെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം, 2026 ജനുവരിയിലാണ് വിജയ്‌യുടെ ടി വി കെയിൽ ചേർന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നും ഡി എം കെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. ടി വി കെയിലെ മുതിർന്ന നേതാക്കളിൽ ഒരാളായതിനാലും സഭാ നടപടികളിലുള്ള പരിചയസമ്പത്ത് കണക്കിലെടുത്തുമാണ് സ്പീക്കർ സ്ഥാനത്തേക്ക് പ്രഭാകറിനെ എത്തിക്കാൻ വിജയ് തീരുമാനിച്ചത്. 73 വയസ്സുകാരനായ പ്രഭാകർ പാർട്ടിയിലെ ഒരു പ്രധാന മുഖമാണ്. തുറയൂർ എം എൽ എയാണ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം രവിശങ്കർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button