News

രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് ഇസ്ലാമിക നിയമങ്ങൾ തിരുത്താനാവില്ല’; നിലപാട് കടുപ്പിച്ച് കാന്തപുരം

മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ, സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെയോ വ്യക്തികളുടെയോ താൽപ്പര്യപ്രകാരം ഇസ്ലാമിക നിയമങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കില്ലെന്നും, പണ്ഡിതന്മാർ മതവിധികൾ പുറപ്പെടുവിക്കുന്നത് ആരുടെയും ഇഷ്ടം അനുസരിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ നിലപാടുകൾ കൃത്യമായ ആലോചനയ്ക്കും പരിശോധനയ്ക്കും ശേഷം എടുത്തതാണെന്നും, അതിനാൽ പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ നിലപാടുകൾ പിന്നീട് തിരുത്തി പറയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നബിദിന റാലികളിൽ സ്ത്രീ സാന്നിധ്യം ഉണ്ടായതിനെ തുടർന്ന്, പൊതുഇടങ്ങളിലും അന്യപുരുഷന്മാർക്കിടയിലും സ്ത്രീകളെ കൊണ്ടുവരരുതെന്നും മതഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും മഹല്ലുകൾക്ക് സർക്കുലർ നൽകിയിരുന്നു.

പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും നിരത്തുകളിലും വേടികളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു ഈ സർക്കുലർ. ഈ പ്രസ്താവനയ്ക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുള്ളത്. സതീശൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ കാന്തപുരത്തിന്റെ ഈ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button