
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള-കാലിക്കറ്റ് സർവകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (2026 ജൂലൈ 20) അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വൈസ് ചാൻസിലര്‍മാരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റിയത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന കുട്ടി ആരാധകർക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളില്‍ ഒരുക്കി സ്കൂളില്‍ വിടാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധി ആവശ്യങ്ങൾ ശക്തമായിരുന്നു.
ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.



