News

എയർഹോസ്റ്റസിൽ നിന്ന് ഡിവൈഎസ്പിയായി; ഗുരുതര ആരോപണങ്ങളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അന്വേഷണം

ഭോപ്പാൽ: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ മധ്യപ്രദേശിലെ വനിതാ ഡിവൈഎസ്പിക്കെതിരേ അന്വേഷണം. കട്നി ഡിവൈഎസ്പിയായ നേഹ പച്ചിസിയക്കെതിരേയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ, കൊലക്കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ നേഹയ്ക്കെതിരേ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

വാഹനപരിശോധനയ്ക്കിടെ ലോറി തടഞ്ഞുനിർത്തി 30,000 രൂപ വാങ്ങിയെന്നാണ് നേഹയ്ക്കെതിരായ പരാതി. മധ്യപ്രദേശിലെ ട്രാൻസ്പോർട്ട് കമ്പനി ഉടമയായ മഹേന്ദ്ര ജയിൻ ആണ് ഉദ്യോ​ഗസ്ഥയ്ക്കെതിരേ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരാതി നൽകിയത്. ജൂലായ് 21-ന് രാത്രി വാഹന പരിശോധനയ്ക്കിടെ തന്റെ ലോറി തടഞ്ഞുനിർത്തിയ ഉദ്യോ​ഗസ്ഥ, ഡ്രൈവറിൽനിന്ന് 30,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.

പണം ആവശ്യപ്പെട്ട നേഹ 25,000 രൂപ സ്ഥലത്തുവെച്ച് തന്നെ ഡ്രൈവറിൽനിന്ന് വാങ്ങിയെടുത്തു. ബാക്കി 5000 രൂപ പിറ്റേദിവസം അയച്ചുനൽകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവർ ബാക്കി പണവും നൽകി. പണം നൽകിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഡ്രൈവറിൽനിന്ന് ഇത്രയും തുക കൈക്കലാക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ പണം കൈമാറിയതിന്റെ തെളിവുകൾ സഹിതമാണ് ലോറി ഉടമ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ സമീപിച്ചത്. ഇതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പണം വാങ്ങിയ നേഹയുടെ ഡ്രൈവറും കോൺസ്റ്റബിളുമായ കേശവ് സിങ്ങിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവിടുകയുംചെയ്തു. അന്വേഷണം തുടരുന്നതിനിടെ നേഹയുടെ അധികാരപരിധിയിൽനിന്ന് മൂന്ന് സ്റ്റേഷനുകളുടെ ചുമതല നീക്കുകയുംചെയ്തു.

പണം തട്ടിയ സംഭവത്തിൽ ആരോപണവിധേയയായ നേഹയ്ക്കെതിരേ നേരത്തേ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണവും നടക്കുന്നതായാണ് റിപ്പോർട്ട്. കൊലക്കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിലാണ് ഈ അന്വേഷണം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കൊലക്കേസ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത് ഉദ്യോ​ഗസ്ഥയുടെ വീഴ്ചയാണെന്നാണ് ആരോപണം.

നേരത്തേ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായ പൊലീസ് ഉദ്യോ​ഗസ്ഥയാണ് നേഹ. എയർഹോസ്റ്റസായിരുന്ന നേഹ ഈ കരിയർ ഉപേക്ഷിച്ചാണ് പൊലീസ് സേനയിൽ ചേർന്നത്. ഇത് മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button