പെട്രോൾ പമ്പുകളുടെ അക്കൗണ്ട് മരവിപ്പിക്കൽ; മുന്നറിയിപ്പുമായി ഇന്ധനവ്യാപകർ

ചെന്നൈ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഇടപാടുകളുടെ പേരിൽ പെട്രോൾ പമ്പ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്ടിലെ ഇന്ധനവ്യാപാരികൾ രംഗത്ത്. ഈ രീതി പമ്പുകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നാണ് തമിഴ്‌നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ (ടിഎൻപിഡിഎ) മുന്നറിയിപ്പ് നൽകുന്നത്.
പെട്രോൾ പമ്പിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നത് എണ്ണക്കമ്പനികൾക്ക് നൽകേണ്ട പണം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ദൈനംദിന ചെലവുകളെ ബാധിക്കുമെന്ന് ടിഎൻപിഡിഎ പ്രസിഡന്റ് കെപി മുരളി പറഞ്ഞു. ദീർഘനാളത്തേക്ക് അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ഇന്ധനവിതരണവും തടസപ്പെടാം. ഇത് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഓഗസ്റ്റ് 10ന് സർക്കാരിന് നൽകിയ നിവേദനത്തിലാണ് അസോസിയേഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിവസം 200 മുതൽ 500 വരെ ഡിജിറ്റൽ ഇടപാടുകൾ ഓരോ പെട്രോൾ പമ്പിലും നടക്കാറുണ്ട്. പല പമ്പുകളിലും വരുമാനത്തിന്റെ പകുതിയിലധികവും ഡിജിറ്റൽ പേയ്‌മെന്റുകളായാണ് ലഭിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ,യുപിഐ, ഡിജിറ്റൽ വാലറ്റുകൾ തുടങ്ങിയവ വഴിയാണ് പമ്പുകളിൽ പണം സ്വീകരിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക പശ്ചാത്തലവും പണത്തിന്റെ ഉറവിടവും പരിശോധിക്കാൻ പമ്പ് ഉടമകൾക്ക് കഴിയില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നടത്തുന്ന ഏതെങ്കിലും ഇടപാട് സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ പമ്പ് ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് പതിവാണെന്ന് അസോസിയേഷൻ ആരോപിച്ചു. ഇത്തരം കേസുകളിൽ ഇടപാടിന്റെ വിവരങ്ങളോ കേസിന്റെ വിശദാംശങ്ങളോ നൽകാതെ ചില ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ അന്വേഷണങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഉപഭോക്താവിൽനിന്ന് പണം സ്വീകരിച്ചതിന്റെ പേരിൽമാത്രം പമ്പ് ഉടമകളെ പ്രതികളാക്കുന്നത് ശരിയല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.




