KeralaNews

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇലക്ഷൻ തിരിമറികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും എം എ ബേബി ആ‍വശ്യപ്പെട്ടു. ഉത്തരം മുട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വോട്ടർ ലിസ്റ്റ് പുതുക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധി രേഖകൾ ചോദിക്കുന്നു. അങ്ങനെ കുറേ ആളുകളെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം എസ് ഐ ആർ എന്ന പേരിൽ നടത്തുകയാണെന്നും എം എ ബേബി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ ആലോചന നടത്തിയില്ലെന്നും എം എ ബേബി പറഞ്ഞു. ഇതിനെതിരെ ബീഹാറിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെതിരെ നമ്മൾ വലിയ പോരാട്ടത്തിലാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അടങ്ങുന്ന സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് പ്രധാനമന്ത്രിയും, പ്രതിപക്ഷ നേതാവും, ക്യാബിനറ്റ് മന്ത്രിയും ഉൾപ്പെട്ട സമിതിയെ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും ഉന്മൂലനം ചെയ്യുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും എം എ ബേബി പറഞ്ഞു. സുപ്രീംകോടതിയെ വക വെയ്ക്കാത്ത നരേന്ദ്ര മോദി പാർലമെൻ്റിനെ വക വെയ്ക്കുമോ എന്നും എം എ ബേബി ചോദിച്ചു.

ട്രംപിൻ്റെ തീരുവ യുദ്ധത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് സുഹൃത്താണെന്ന് പറഞ്ഞ നരേന്ദ്ര മോദിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button