News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സിപിഐഎം–ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കിരൺ, ഷഫീഖ്, വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.

നേരത്തെ കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇത് “അപൂർവ കേസ്” ആണെന്ന് നിരീക്ഷിച്ച കോടതി, പ്രകോപനമില്ലാതെ നടന്ന ആക്രമണമാണെന്നും പൊതുമുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും അറിയിച്ചു. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ കേസ് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കേസിൽ 1 മുതൽ 25 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പ് നടപടികളും പൂർത്തിയായിട്ടുണ്ട്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് സംഘം.

മെയ് 27-നാണ് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും, റെയ്ഡ് കഴിഞ്ഞ് മടങ്ങുന്ന ഇഡി വാഹനത്തിന് നേരെ ആക്രമണം നടക്കുകയും ചെയ്തുവെന്നാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button