ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന് ഇനി ഡിജിറ്റൽ കണക്ക്; മന്ത്രിക്ക് റിപ്പോർട്ട് നൽകി സെക്രട്ടറി

തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി. സ്വർണം വാങ്ങുമ്പോഴും സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റുമ്പോഴും ഡിജിറ്റൽ രേഖയുണ്ടായിരിക്കണം. സ്വർണം പൂശാനും പൊതിയാനും പുതിയ മാർഗരേഖ വേണമെന്നും സെക്രട്ടറി രാജമാണിക്യം ശുപാർശ ചെയ്തു. എല്ലാ ദേവസ്വങ്ങളിലും ഈ സംവിധാനമുണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സെപ്തംബർ ആദ്യവാരം കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ തലവനായ എസ് പി ശശിധരന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം യോഗം കൂടി കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. 2025ലെ സ്വർണം പൂശൽ കേസുൾപ്പെടെ ഒറ്റ കുറ്റപത്രം നൽകാനാണ് നീക്കം.
2019ലെ സ്വർണക്കൊള്ളയ്ക്കൊപ്പമാണ് 2025ലെ ഗൂഢാലോചന കേസിന്റെ അന്വേഷണവും നടക്കുന്നത്.2025ൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും 2019ലെ കൊള്ള മറച്ചുവയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തിയതായും കണ്ടെത്തി. 2019ലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്ന തരത്തിലായിരുന്നു പുതിയ ബോർഡിന്റെ ഉത്തരവ്.
ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥരടക്കം ഇതിൽ പങ്കാളികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2025ലെ സ്വർണം പൂശലിന് അനുമതി നൽകാനായി ഫയൽ ഉണ്ടായതെവിടെ നിന്നാണെന്ന് എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. ഇതിനായി ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് 2022 മുതൽ 25 വരെയുള്ള കത്തിടപാടുകൾ രേഖപ്പെടുത്തുന്ന ഡെസ്പാച്ച് രജിസ്റ്റർ കസ്റ്റഡിയിൽ എടുത്തിരുന്നു.




