NationalNews

എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു; അന്വേഷണം

എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-ന് ദില്ലിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് പോയ വിമാനമാണ് അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ്‌ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ അമൃത്സറിലിറക്കാതെ വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി ലാൻഡ് ചെയ്യിക്കുകയായിരുന്നു. സാധാരണയായി നടത്തുന്ന ഒരു ‘ഗോ-എറൗണ്ട്’ പ്രക്രിയയ്ക്കിടയിലാണ് ഈ ചെറിയ വീഴ്ച സംഭവിച്ചതെന്നും ഡിജിസിഎയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ യാത്രാ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി എയർ ഇന്ത്യ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button