News

ശബരിമല പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക നീക്കം; മന്ത്രി കെ. മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തും

ശബരിമലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും തമ്മിൽ ഇന്ന് നിർണ്ണായക കൂടിക്കാഴ്ച നടക്കും. അരവണ പ്ലാന്റ് നവീകരണം എത്ര പെട്ടെന്ന് പൂർത്തിയാക്കാനാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് മന്ത്രിക്ക് മുന്നിൽ വിശദീകരിക്കും. വിഷയത്തിൽ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഈ കൂടിക്കാഴ്ച.

ഇന്നലെ വിഷയത്തിൽ നേരിട്ട് ഇടപ്പെട്ട മുഖ്യമന്ത്രി, മന്ത്രി കെ. മുരളീധരനെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും പ്രത്യേകം കണ്ട് ചർച്ച നടത്തിയിരുന്നു. ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം ബോർഡാണെന്ന് കുറ്റപ്പെടുത്തിയ ദേവസ്വം മന്ത്രി മണ്ഡലകാലം നടത്താൻ ബദൽ സംവിധാനം ഒരുക്കുമെന്ന് വെല്ലുവിളിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഈ നിലപാടിനെ പിന്തുണച്ചിരുന്നില്ല. ദേവസ്വം ബോർഡിൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കിലും, കടുത്ത നിലപാടുകളിൽ നിന്നും പൂർണ്ണമായി പിന്നോട്ടില്ലെന്നും പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും തൃശൂരിൽ വെച്ച് മന്ത്രി കെ. മുരളീധരൻ ആവർത്തിച്ചു.

അതേസമയം, ശബരിമലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പുതിയതായി ചുമതലയേറ്റ ശബരിമല എഡിഎമ്മിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്തുക. കൂടാതെ, തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രിയും ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button