തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തെറ്റുതിരുത്താൻ സിപിഎം; ഓഗസ്റ്റിൽ വിപുല സംസ്ഥാന സമിതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെറ്റുതിരുത്താൻ സിപിഎം. ഓഗസ്റ്റിൽ വിശാല സംസ്ഥാന സമിതി യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. യോഗത്തില്‍ തെറ്റ് തിരുത്തൽ നടപടികൾ ചർച്ച ചെയ്യും. വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ടെന്നും തിരുത്തി മുന്നോട്ട് പോകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. വീഴ്ച സംഭവിച്ചെന്ന് ബോധ്യമുണ്ട്. കണ്ണൂരിലുണ്ടായത് വൻ വീഴ്ചയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിശക് പറ്റിയെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തിനെതിരെ കര്‍ശനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുണ്ടായെന്നും ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റിയ്ക്കുണ്ടായ പിഴവ് തിരുത്താന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ടായി. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. പ്രത്യേക പ്ലീനം വിളിച്ച് ചേര്‍ക്കില്ല. പകരം ഓഗസ്റ്റില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന വിപുലമായ സംസ്ഥാന സമിതി ചേര്‍ന്ന് തെറ്റുതിരുത്തല്‍ നടപടികള്‍ എങ്ങനെ പ്രായോഗികമാക്കുമെന്ന് ചര്‍ച്ച ചെയ്യും.



