
25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിനോയ് വിശ്വം തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് ആലപ്പുഴ ബീച്ചില്‍ ( അതുല്‍കുമാര്‍ അഞ്ജാന്‍ നഗര്‍) നടക്കുന്ന പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കസ്റ്റഡി മര്‍ദ്ദനവും ഇടിമുറികളും ഇടതു നയമല്ല. കസ്റ്റഡി മര്‍ദ്ദനം അലങ്കാരമാക്കിയവരുള്ള കേരള പൊലീസ് നമ്മുടെ പൊലീസ് അല്ലെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈ കൊണ്ട് പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. നിലവിലെ പൊലീസ് നയം മൂന്നാം ഇടതുസര്‍ക്കാരിനെ ഇല്ലാതാക്കുമെന്നും പ്രതിനിധികള്‍ തുറന്നടിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ ആര്‍എസ്എസ് ഫ്രാക്ഷനുകളുണ്ട്. പൂരം കലക്കിയ എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കരുതായിരുന്നു. ബിജെപിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിന് കാരണം. മുഖ്യമന്ത്രിക്ക് മുന്നില്‍ സിപിഐ നേതൃത്വം ഭവ്യതയോടെ നില്‍ക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് തുറന്നു പറയാന്‍ ശേഷിയില്ലാത്ത ബിനോയ് വിശ്വം തോല്‍വിയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന പല പ്രമുഖ നേതാക്കളും ഇരുന്ന കസേരയാണിതെന്ന് സംസ്ഥാന സെക്രട്ടറി മനസ്സിലാക്കണം. വാക്കിലും നിലപാടിലും ബിനോയ് വിശ്വത്തിന് വ്യക്തതയില്ല. പാര്‍ട്ടി നയം പുറത്ത് പറഞ്ഞ് ഫലിപ്പിക്കുന്നതില്‍ ബിനോയ് വിശ്വം പരാജയമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ പൊലീസ് ബന്തവസ്സില്‍ പാര്‍ട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും പൊലീസ് അകമ്പടി? . ഇതു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതാണോയെന്നും പ്രതിനിധികള്‍ ചോദിച്ചു. സമ്മേളന പ്രതിനിധികളെ പൊലീസ് മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് കടത്തി വിട്ടിരുന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി സിപിഐയുടെ പേരു പോലും ഉച്ചരിച്ചില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. അധികാരത്തിലേറ്റിയ അടിസ്ഥാനവര്‍ഗത്തെ മറന്ന് സര്‍ക്കാര്‍ മധ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. വികസനത്തോടൊപ്പം ക്ഷേമത്തിനും ഊന്നല്‍ നല്‍കണം. സര്‍ക്കാറിന്റെ ഫോക്കസ് മാറിപ്പോകുന്നത് ചൂണ്ടിക്കാട്ടാന്‍ പോലും സിപിഐ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ വിമര്‍ശനമുന്നയിച്ചു.