KeralaNews

മുന്‍ കലക്ടര്‍ക്ക് രണ്ടിടത്ത് വോട്ട് ; പരിഹസിച്ച് വി എസ് സുനില്‍ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന വി ആര്‍ കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നതായി സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. അദ്ദേഹത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലും തൃശൂരിലും വ്യത്യസ്ത ഐഡികളില്‍ വോട്ടര്‍ പട്ടികയില്‍ കൃഷ്ണതേജയുടെ പേരുണ്ടായിരുന്നു എന്ന് സുനില്‍കുമാര്‍ രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ എല്ലാം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടവരുടേത് ഇതാണവസ്ഥ എന്നും മുന്‍മന്ത്രിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി എസ് സുനില്‍കുമാര്‍ പരിഹസിച്ചു.

ജനങ്ങള്‍ അറിയേണ്ട പൊതുതാത്പര്യത്തില്‍പ്പെട്ട കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ അവസാനിപ്പിക്കണം. 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വ്യക്തി ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാല്‍, കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേരയ്ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ് അയച്ചതായി കാണുന്നു. ഇതേ രീതിയില്‍ നിരവധി ബി ജെ പി നേതാക്കള്‍ക്ക് ഒരേസമയം തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും മറ്റു മണ്ഡലങ്ങളിലും വോട്ടര്‍പട്ടികയില്‍ പേരുള്ളതിന്റെ വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇലക്ഷന്‍ കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്.

2024ലെ സ്ഥിരതാമസക്കാര്‍ എന്ന വ്യാജേന തൃശൂര്‍ മണ്ഡലത്തില്‍ വോട്ടുചെയ്ത ബിജെപിക്കാരുടെ വോട്ടുകള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ റോളില്‍ കാണുന്നില്ല. അവരെല്ലാം തിരിച്ച് പോയിരിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ പുറത്തിറങ്ങിയ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നിന്നും ഇവരില്‍ പലരും കൂട്ടത്തോടെ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഇത് എന്തടിസ്ഥാനത്തിലാണ് എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചട്ടങ്ങളും പ്രകാരമല്ലാതെ തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടികയാണ് 2024ലെ തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. ആയതിനാല്‍, പ്രസ്തുത വോട്ടര്‍ പട്ടിക അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇലക്ഷന്‍ കമ്മീഷന്‍ നിയമപ്രകാരം പരിശോധിച്ച് നടപടി സ്വീകരിക്കണം. വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button