സിറ്റിങ് എംഎൽഎയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ നിന്ന് വെട്ടി സിപിഐ ജില്ലാ കമ്മിറ്റി

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നിലവിലെ സിറ്റിങ് എംഎൽഎയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ നിന്ന് വെട്ടി സിപിഐ ജില്ലാ കമ്മിറ്റി. പട്ടാമ്പിയിലെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയിൽ നിന്നാണ് മുഹമ്മദ് മുഹ്സിന്‍റെ പേര് ഒഴിവാക്കിയത്. സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനം.
നിലവിലെ എംഎൽഎ ആയ മുഹമ്മദ് മുഹ്സിൻ തന്നെ പട്ടാമ്പിയിൽ മത്സരിച്ചാൽ മതിയെന്ന് പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വത്തെയും അറിയിച്ചിരുന്നു. എന്നാൽ, മുഹമ്മദ് മുഹ്സിന്‍റെ പേരില്ലാതെയാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടിക ജില്ലാ കമ്മിറ്റി തയ്യാറാക്കിയത്. മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഒകെ സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് കെ ഷാജഹാൻ എന്നിവരാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുള്ളത്.
മുഹ്സിന്‍റെ സ്ഥാനാര്‍ഥിത്വത്തിലടക്കം ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനത്തിൽ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പട്ടാമ്പിയിൽ ജനകീയനായ മുഹമ്മദ് മുഹ്സിൻ തന്നെ വീണ്ടും മത്സരിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്നിരുന്ന വിവരം. സിപിഎമ്മിനും മുഹ്സിൻ മത്സരിക്കുന്നതിനോടായിരുന്നു താത്പര്യം. പട്ടാമ്പി മണ്ഡലത്തിൽ രാജ്യസഭ എംപി പി. പി സുനീർ, പന്ന്യൻ രവീന്ദ്രൻ എന്നിവരുടെ പേരുകളും മുഹമ്മദ് മുഹ്സിനൊപ്പം ഉയർന്നിരുന്നു. മുഹമ്മദ് മുഹ്സിന് പകരം മറ്റൊരാളെ മത്സരിപ്പിച്ചാൽ വിജയ സാധ്യതയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ എംഎൽഎ കൂടിയായ മുഹ്സിനെ മത്സരിപ്പിക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ ഏകാഭിപ്രായം തള്ളികൊണ്ടാണിപ്പോള്‍ ജില്ലാ നേതൃത്വത്തിന്‍റെ നടപടി.
അതേസമയം, പാലക്കാട് സിപിഐയിൽ പേയ്മെന്‍റ് സീറ്റ് വിവാദവും ചൂടുപിടിക്കുകയാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് എതിരെയാണ് വിമർശനം. പണം വാങ്ങിയാണ് ഒരു വിഭാഗം നേതാക്കൾ മൻസിൽ ബക്കറിനെ സ്ഥാനാർഥിയാക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം. സിപിഐ സംസ്ഥാന നേതൃത്വത്തോട് പൊതുസമ്മതൻ എന്ന് പറഞ്ഞാണ് മൻസിൽ ബക്കറിനെ നിർദേശിച്ചത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പാലക്കാട്ടെ സംസ്ഥാന നേതാവാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. എന്നാൽ, മണ്ണാർക്കാട്, അട്ടപ്പാടി മണ്ഡലം കമ്മറ്റികൾ പേയ്മെന്‍റ്റ് സീറ്റാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. സിപിഐ നേതാവ് മണികണ്ഠൻ പൊറ്റശേരി ,ജില്ലാ പഞ്ചായത്ത് മെമ്പർ വി എം ലത്തീഫ് , സിപിഐ ജില്ല സെക്രട്ടറി സുമലത മോഹൻദാസ് എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഉയർന്നത്.




