സോണിയ ഗാന്ധിയുടെ ആത്മകഥയിൽ വിവാദ പരാമർശങ്ങൾ? പ്രധാനമന്ത്രിയെയും ആർഎസ്എസിനെയും കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പ് ‘ബിലോംഗിഗ്: എ ജേണി ഒഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. കൈയെഴുത്തുപ്രതിയിലെ ചില ഭാഗങ്ങളിൽ മാറ്റങ്ങളും ഒഴിവാക്കലുകളും വരുത്തണമെന്ന പ്രസാധകരുടെ നിർദേശം സോണിയ ഗാന്ധി അംഗീകരിക്കാതിരുന്നതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
പുസ്തകം പ്രസിദ്ധീകരിക്കാനുള്ള താൽപര്യം തങ്ങൾക്കുണ്ടായിരുന്നെന്നും പ്രസാധകനും എഴുത്തുകാരിയുമായുളള ചർച്ചകളെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. നവംബർ 10നാണ് പുസ്തകത്തിന്റെ ആഗോളപ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കയിലെ ആൽഫ്രഡ് എ. നോഫ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പായി ഒരു ലക്ഷം കോപ്പി അച്ചടിക്കാനാണ് തീരുമാനം. പെൻഗ്വിന്റെ പിന്മാറ്റത്തോടെ ഇന്ത്യയിലെ പ്രസാധനാവകാശത്തിനായി ബ്രിട്ടീഷ്അമേരിക്കൻ പബ്ലിഷറായ ഹാർപ്പർകോളിൻസ് ഉൾപ്പെടെയുള്ളവർ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
സോണിയ ഗാന്ധിയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ആറു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയിലെ അനുഭവങ്ങളുമാണ് ഉള്ളടക്കം. കുടുംബത്തെക്കുറിച്ച് പുറത്തുവന്ന വിവരണങ്ങൾക്കപ്പുറം അവരുടെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും കഥ പറയുന്നതായിരിക്കും പുസ്തകമെന്ന് പ്രസാധകർ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ബിജെപിയുടെ ആദർശങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ, ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളെക്കുറിച്ചുള്ള ഭാഗങ്ങൾ എന്നിവയാണ് ഒഴിവാക്കലോ മാറ്റങ്ങൾ വരുത്തലോ ചെയ്യണമെന്ന് ഇന്ത്യയിലെ പ്രസാധകർ ആവശ്യപ്പെട്ടിരുന്നതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു.




