News

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം. നിർമാണത്തിനുള്ള ഇ-ടെണ്ടർ ഔദ്യോഗിക ടെണ്ടർ പോർട്ടലിൽ കൃത്യസമയത്ത് പ്രസിദ്ധീകരിച്ചിരുന്നില്ല. പത്രങ്ങളിൽ പരസ്യം നൽകി നാല് ദിവസത്തിന് ശേഷം മാത്രമാണ് ഇ-ടെണ്ടർ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്.

ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുൻപ് തന്നെ പദ്ധതി പ്രദേശത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി കണ്ടെത്തി. കരാറുകാരനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രപരസ്യത്തിൽ നൽകിയ വിവരങ്ങളും ഓൺലൈൻ ടെണ്ടർ രേഖകളിലെ വിവരങ്ങളും തമ്മിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ട്.

സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്‍റെ സുതാര്യതയില്ലായ്മയെ വിമർശിച്ച അദ്ദേഹം, ഈ ആശയക്കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും കാരണം ഭരണകൂടത്തിന്‍റെ വൻ അഴിമതിയാണോ അതോ ഭരണപരമായ കഴിവുകേടാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ഓഫീസുകളുടെയും മുഖ്യമന്ത്രിയുടെ പുതിയ സമുച്ചയത്തിന്‍റെയും നിർമാണ പ്രവൃത്തികളിൽ ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button