News

എംജി സർവകലാശാലയിൽ ‘പാറ്റ’ പോസ്റ്റർ വിവാദം; വിസിയും വിദ്യാർത്ഥി യൂണിയനും നേർക്കുനേർ

കോട്ടയം: എംജി സർവകലാശാലയിൽ നാഷണൽ കോൺഫറൻസിന്റെ പ്രചരണ പോസ്റ്ററിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത് വൈസ് ചാൻസലറും വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള കടുത്ത പോരിലേക്ക് വഴിതെളിച്ചു. വിവാദ ചിത്രങ്ങളും വാചകങ്ങളും മാറ്റിയില്ലെങ്കിൽ പരിപാടിക്ക് അനുവദിച്ച തുക തിരികെ പിടിക്കുമെന്ന് വിസി മുന്നറിയിപ്പ് നൽകിയെങ്കിലും, നിർദ്ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല യൂണിയൻ.

അടുത്ത ആഴ്ച നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചരണ സാമഗ്രികളിൽ പാറ്റയുടെ ചിത്രവും സംഘപരിവാർ വിരുദ്ധ വാചകങ്ങളും ഉൾപ്പെടുത്തിയതാണ് വൈസ് ചാൻസലർ പ്രൊഫ. ഡി. മാവൂദിനെ ചൊടിപ്പിച്ചത്. വിവാദ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് വിസി സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാർത്ഥി യൂണിയനും എസ്എഫ്ഐയും കൂടുതൽ ഫ്ലെക്സുകളും പോസ്റ്ററുകളും ക്യാമ്പസിൽ സ്ഥാപിക്കുകയായിരുന്നു.

കോൺഫറൻസിനായി ആകെ അനുവദിച്ച 3,75,000 രൂപയിൽ 2,81,000 രൂപ ഇതിനകം യൂണിയന് കൈമാറിയിട്ടുണ്ട്. സ്റ്റുഡന്റ്സ് കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാൽ ഈ തുക തിരികെ പിടിക്കുമെന്ന് രജിസ്ട്രാർ മുഖേന യൂണിയന് നൽകിയ കത്തിൽ വിസി വ്യക്തമാക്കി. വിസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ പ്രതികരിച്ചു. വിദ്യാർത്ഥികളിൽ നിന്ന് സർവകലാശാല യൂണിയൻ ഫണ്ടായി പിരിച്ചെടുത്ത പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും രജിസ്ട്രാറുടെ കത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button