ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി

കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും. ബന്ധുനിയമന വിവാദത്തെ തുടർന്ന് ബെന്നി തോമസ് രാജിവച്ച സാഹചര്യത്തിലാണ് ചന്ദ്രൻ തില്ലങ്കേരിയെ നിയമിക്കുന്നത്. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവായ ബെന്നിയെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നായിരുന്നു രാജി.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രൻ തില്ലങ്കേരി. വി കെ സനോജ് എംഎൽഎയോട് 14,168 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. എൽഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചയുഡിഎഫ് അധികാരത്തിലേറിയ ഉടനെ അതേ ആരോപണം നേരിട്ടത് മുന്നണിയെ പ്രതിരോധത്തിലാക്കി. വിവാദം രൂക്ഷമായതോടെയാണ് ബെന്നിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.




