സി സി മുകുന്ദൻ ബിജെപിയിൽ, തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി

തൃശൂർ: നാട്ടിക എംഎൽഎയും സിപിഐ മുൻ നേതാവുമായ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു.ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹത്തെ ബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ ആവേശപൂർവം മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനിൽ നിന്ന് സി സി മുകുന്ദൻ പാർട്ടി അംഗത്വം സ്വീകരിച്ചു. വൈകാതെ അദ്ദേഹം വാർത്താ സമ്മേളനം നടത്തും എന്നാണ് സൂചന.
നാല് പതിറ്റാണ്ട് പ്രവർത്തിച്ച സിപിഐയിൽ നിന്ന് പുറത്തായ സിസി മുകുന്ദൻ എംഎൽഎയ്ക്ക് നാട്ടികയിൽ പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി മുകുന്ദൻ പാർട്ടി അംഗത്വമെടുത്തത്. നേരത്തെ അദ്ദേഹത്തിനായി ആം ആദ്മി പാർട്ടിയും രംഗത്തുണ്ടായിരുന്നു.
ഇതാദ്യമായാണ് ഒരു ഇടത് സിറ്റിംഗ് എംഎൽഎ സംസ്ഥാനത്ത് പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം ഏറ്റവും വലിയ മാർജിനിൽ വിജയം നേടിയയാളാണ് സിസി മുകുന്ദൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28431 വോട്ടുകൾക്കാണ് അദ്ദേഹം കോൺഗ്രസിലെ അഡ്വ. സുനിൽ ലാലൂരിനെ പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപി 33716 വോട്ടുകൾ നേടിയിരുന്നു. 21 ശതമാനം വോട്ടാണ് എൻഡിഎ നേടിയത്. ഇതിൽ വർദ്ധനവാണ് മുകുന്ദനിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.




