News

കൈക്കൂലി ആരോപണം; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് നേരെ അതിക്രമം, കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് വായിൽ കുത്തിക്കയറ്റാൻ ശ്രമം

മുംബയ്: കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് പാക്കറ്റുകൾ വില്പന നടത്തിയ കടയുടമയെ സംരക്ഷിച്ചെന്നാരോപിച്ച് ഫുഡ് ആന്റ് അഡി‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് നാട്ടുകാർ. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധത്തിനിടെ ചിലർ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ ബലമായി കുത്തിത്തിരുകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്തെ കടയിൽനിന്ന് വാങ്ങിയ മസാല ചേർത്ത ലഘുഭക്ഷണം കഴിച്ചതിനുപിന്നാലെ രണ്ടുവയസുള്ള കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും തലക്കറക്കവും അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ പ്രകേോപിതരായ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഛത്രപതി സംഭാജിനഗറിലെ എഫ്‌ഡിഎ ഓഫീസിൽ പരാതി നൽകിയത്.പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് തൊട്ടുമുൻപായി കുട്ടി കഴിച്ചെന്ന് പറയപ്പെടുന്ന ലഘുഭക്ഷണത്തിന്റെ പാക്കറ്റുകൾ കടയിൽനിന്ന് നീക്കിയതായാണ് നാട്ടുകാർ പറയുന്നത്. കാലാവധി കഴിഞ്ഞ ധാരാളം പാക്കറ്റ് ഭക്ഷണങ്ങൾ പിടിച്ചെടുത്തെങ്കിലും കടയുടമയ്‌ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇതോടെയാണ് കൈക്കൂലി വാങ്ങി കടയുടമയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാർ എഫ്‌ഡിഎ ഉദ്യോഗസ്ഥനെ തടഞ്ഞുവച്ചത്.കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ സുരക്ഷിതമാണെങ്കിൽ ഉദ്യോഗസ്ഥൻതന്നെ അവ കഴിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ എഫ്‌ഡിഎ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button