News

പറക്കുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം! കൊച്ചിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ

മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. വിമാനം ആകാശത്തായിരിക്കുമ്പോൾ രാത്രി 9.30-നും 11.05-നും ഇടയിലാണ് സംഭവം നടന്നത്. ഇയാളെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വിമാനത്തിലെ 12എ നമ്പർ സീറ്റിൽ യാത്ര ചെയ്തിരുന്ന ജംഷീർ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ചു തകർക്കുകയുമായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇത് തടയാൻ ശ്രമിച്ച ക്യാബിൻ ക്രൂവിനെയും മറ്റ് യാത്രക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

രാത്രി 11.10-ഓടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ എയർലൈൻസ് അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്തിനുള്ളിൽ പ്രകോപനപരമായ സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഇയാൾ എന്തിനാണ് ഇത്തരം ഒരു നീക്കത്തിന് മുതിർന്നതെന്ന കാര്യത്തിലും ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button